നിര്‍മ്മാണം | കോവൈ രാമസ്വാമി | |||
സംവിധാനം | ജെ ഡി തോട്ടാന്‍ | |||
അഭിനേതാക്കള്‍ | സത്യന്‍, പ്രേം നസീര്‍, കെ പി ഉമ്മർ, അടൂര്‍ ഭാസി, ആലുംമൂടൻ, വില്യം തോമസ്, ഷീല, സുകുമാരി, കവിയൂർ പൊന്നമ്മ | |||
സംഗീതം | ജി ദേവരാജന്‍ | |||
ഗാനരചന | വയലാര്‍ രാമവര്‍മ്മ | |||
ഗായകര്‍ | കെ ജെ യേശുദാസ്, പി മാധുരി, പി സുശീല | |||
ബാനര്‍ | ശക്തി പ്രൊഡക്ഷൻസ് | |||
വിതരണം | സെൻട്രൽ പിക്ചേർസ് | |||
കഥ | പി മാധവ് | |||
തിരക്കഥ | പാറപ്പുറത്ത് | |||
സംഭാഷണം | പാറപ്പുറത്ത് | |||
ചിത്രസംയോജനം | വി പി കൃഷ്ണന്‍ | |||
കലാസംവിധാനം | നാഗരാജന്‍ | |||
ക്യാമറ | പി രാമസ്വാമി | |||
ഡിസൈന്‍ | ലഭ്യമല്ല | |||
റിലീസ് തീയതി | 14/4/1971 | |||
ഗാനങ്ങള്‍ | 5 |
karinizhal – കരിനിഴൽ (1971)
കരിനിഴലിന്റെ കഥ –
കേണല്‍ കുമാര്‍ ബാംഗ്ലൂലിലെ സ്റ്റേഷന്‍ കമാന്‍ഡറാണു്. രണ്ടു് മഹായുദ്ധങ്ങളില്‍ പങ്കുകൊണ്ടു് വിശിഷ്ട സേവനത്തിനും ധീരതയ്ക്കും കീര്‍ത്തിമുദ്രകള്‍ നേടിയ മിലട്ടറി ഓഫീസര്‍. വിഭാര്യനായ കുമാറിനു് രണ്ടു് മക്കളാണു്. മോഹനനും മാലതിയും. മോഹനന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഒരു ഫ്ലൈറ്റ് ലെഫ്റ്റനന്റ്. വിവാഹപ്രായമായ മാലതി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ അവസരത്തിലാണു് കേണലിന്റെ വിശ്വസ്തഭൃത്യനായ അയ്യപ്പന്‍പിള്ള ചന്ദ്രന്‍ എന്നു പേരായ നിരാശ്രയനായ ഒരു മലയാളി ചെറുപ്പക്കാരനെ ബസാറില്‍ നിന്നും ബംഗ്ലാവിലേക്കു് കൂട്ടിക്കൊണ്ടുവരുന്നതു്. കേണല്‍ അവനു് ബംഗ്ലാവില്‍ ജോലി കൊടുക്കുന്നു.
താനൊരു ഉയര്‍ന്ന മിലട്ടറി ഓഫീസറുടെ മകളാണെന്നും താന്‍ ജീവിക്കുന്ന സൊസൈറ്റി സമുന്നതമാണെന്നും തന്റെ അച്ഛനെപ്പോലെ ഒരു മാതൃകാമനുഷ്യന്‍ ലോകത്തെങ്ങുമില്ലെന്നു മാലതി വ്യാമോഹിച്ചിരുന്നു. വേലക്കാരനായ ചന്ദ്രനെ പട്ടാളച്ചിട്ടയില്‍ കുരങ്ങുകളിപ്പിക്കുക അവളുടെ വിനോദമായിരുന്നു. ഒരു ദിവസം രാത്രി അവള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേള്‍ക്കുന്നു. അതുവരെ കുടുംബസുഹൃത്തു് എന്നു വിചാരിച്ചിരുന്ന മിസ്സിസ് വിശ്വലക്ഷ്മി മേനോന്‍ തന്റെ അച്ഛന്റെ രഹസ്യഭാര്യയാണു്. വിശ്വലക്ഷ്മിയുടെ മകള്‍ നിര്‍മ്മല തന്റെ അച്ഛന്റെ മകളാണു്. അതോടെ അന്നുവരെ അവള്‍ കെട്ടിപ്പിടിച്ചിരുന്ന മിഥ്യാഭിമാനത്തിന്റെ മണ്‍ചിറ തകരുന്നു. അര്‍ത്ഥമില്ലാത്ത സൊസൈറ്റിമാന്യതയെ അവള്‍ വെറുക്കുന്നു. പണത്തേയും പ്രതാപത്തേയുമല്ല മനുഷ്യനെയാണു് സ്നേഹിക്കേണ്ടതെന്നു അവള്‍ മനസ്സിലാക്കുന്നു. ഈ ചിന്താഗതി അവളില്‍ വളരാന്‍ പുരോഗമനവാദിയായ അവളുടെ ജ്യേഷ്ടനും സഹായിക്കുന്നു. അങ്ങനെ ക്രമേണയായി അവള്‍ ചന്ദ്രനുമായി അടുക്കുകയാണു്. ആ അടുപ്പം എല്ലാ സീമകളും ലംഘിക്കുന്നു. വലിപ്പച്ചെറുപ്പങ്ങള്‍ മറന്നു് അവര്‍ ഒന്നായിത്തീരുന്നു.
ഒരു ദിവസം രാത്രി മാലതി ചന്ദ്രന്റെ ഔട്ട്ഹൗസില്‍ നിന്നിറങ്ങിവരുന്നതു് കുക്കു് ദേവസ്യ കണ്ടുപിടിക്കുന്നു. ദേവസ്യ അയ്യപ്പപ്പിള്ളയോടു വിവരം പറയുന്നു. അവര്‍ അന്തംവിട്ടുപോകുന്നു. കേണല്‍ സാബ് അറിഞ്ഞാല്‍?
അയ്യപ്പന്‍പിള്ള മാലതിയെ ഉപദേശിക്കുന്നു. അതുകൊണ്ടു ഫലമില്ലെന്നു കണ്ടപ്പോള്‍ അയാള്‍ വിശ്വലക്ഷ്മിയോടു വിവരങ്ങള്‍ പരയുന്നു. അങ്ങനെ അതു് കേണലിന്റെ ചെവിയില്‍ എത്തുന്നു.
ഒന്നും സംഭവിക്കാത്തതുപോലെ പിറ്റേന്നു വെളുപ്പിനു കേണല്‍ വേട്ടയ്ക്കു പോകുന്നു. അയ്യപ്പന്‍പിള്ളയേയും ചന്ദ്രനേയും കൂട്ടത്തില്‍ കൊണ്ടുപോകുന്നു. പക്ഷെ മടങ്ങിവരുന്നതു് കേണലും അയ്യപ്പന്‍പിള്ളയും മാത്രം. ചന്ദ്രന്‍ എവിടെ? മാലതി വിവരം അന്വേഷിക്കുന്നു. അയ്യപ്പന്‍പിള്ളയുടെ എത്തും പിടിയും കൊടുക്കാത്ത ഉത്തരങ്ങള്‍ കേട്ടു് അവള്‍ സംശയാഗ്രസ്ഥയാകുന്നു. അവള്‍ തനിയെ ജീപ്പെടുത്തു് കാട്ടിലേക്കു പോകുന്നു. അയ്യപ്പന്‍പിള്ള അവളെ അനുഗമിക്കുന്നു. അയാള്‍ അവളെ ബലം പര്യോഗിച്ചു് മടക്കിക്കൊണ്ടുവരുന്നു. അതോടെ അവള്‍ രോഗിണിയായി കിടക്കയെ അഭയം തേടുന്നു.
ഇതിനിടെ കേണല്‍ മകളെ ലഫ്റ്റനന്റ് രവിയെക്കൊണ്ടു് (ഇയാളെ മാലതിക്കു് ഇഷ്ടമല്ല) വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിക്കുന്നു. സഹോദരിയുടെ രോഗവിവരം അറിഞ്ഞു് മോഹനന്‍ വരുന്നു. അച്ഛനും മകനുമായി ഏറ്റുമുട്ടുന്നു. അവസാനം അച്ഛന്‍ മകനു് കീഴടങ്ങേണ്ടിവരുന്നു.
മാലതിയോടു് മാപ്പു പറയുവാന്‍ വേണ്ടി അച്ഛനും മകനും കൂടി അവളുടെ മുറിയിലേക്കു ചെല്ലുന്നു. പക്ഷെ മാലതി എവിടെ? ചന്ദ്രനെവിടെ? അത്യന്തം സംഭ്രമജനകമായ ബാക്കി ഭാഗങ്ങള്‍ വെള്ളിത്തിരയില്‍ കാണുക.
ഗാനങ്ങള്‍
ഗാനം | സംഗീതം | ഗാനരചന | ഗായകര്‍ | രാഗം |
---|---|---|---|---|
അഭിനന്ദനം | ജി ദേവരാജന്‍ | വയലാര്‍ രാമവര്‍മ്മ | പി സുശീല | വൃന്ദാവന സാരംഗ |
കാമാക്ഷി | ജി ദേവരാജന്‍ | വയലാര്‍ രാമവര്‍മ്മ | കെ ജെ യേശുദാസ് | |
നിറകുടം തുളുമ്പി | ജി ദേവരാജന്‍ | വയലാര്‍ രാമവര്‍മ്മ | കെ ജെ യേശുദാസ് | |
വല്ലഭൻ പ്രാണവല്ലഭൻ | ജി ദേവരാജന്‍ | വയലാര്‍ രാമവര്‍മ്മ | പി മാധുരി | കാംബോജി |
വെണ്ണക്കല്ലു കൊണ്ടല്ല | ജി ദേവരാജന്‍ | വയലാര്‍ രാമവര്‍മ്മ | കെ ജെ യേശുദാസ് |